പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് (പിഎസ്എസ്പി) സംഘടിപ്പിച്ച ഏകദിന കറി പൗഡർ നിർമാണ പരിശീലനത്തിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും പിഎസ്എസ്പി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോണ്സൻ വലിയപാടത്ത് നിർവഹിച്ചു.
വീടുകളിൽനിന്ന് തുടങ്ങാവുന്ന ചെറിയ ഭക്ഷ്യവസ്തു നിർമാണ യൂണിറ്റുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിൽ വലിയ വ്യവസായങ്ങളായി വളരുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലനത്തിനായി വന്നിട്ടുള്ള വനിതകർക്ക് കറി പൗഡർ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ, പാക്കിംഗ് രീതികൾ, മാർക്കറ്റിംഗ് സാധ്യതകൾ എന്നിവ ടിന്റു ബിജുവിന്റെ നേതൃത്വത്തിൽ നൽകി. ജെൻഡർ ഡിപ്പാർട്ട്മെന്റ് കോ-ഓർഡിനേറ്റർ കെ.എൽ. അരുണ്‍ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ സംരംഭകത്വവും ആത്മവിശ്വാസവും വർധിപ്പിക്കാനാണ് പിഎസ്എസ്പിയുടെ പ്രായോഗിക പരിശീലനങ്ങൾ. പഠിതാവായ സ്റ്റിനി ബിനോയ് നന്ദി പറഞ്ഞു. ആനിമേറ്റർ അനു കെ. ജോർജ് പ്രസംഗിച്ചു.